Friday, December 19, 2008

കന്യകാത്വം പരിശോധിച്ചു കൊടുക്കപ്പെടും - CBI


സി. സെഫിയുടെ കന്യകാത്വപരിശോധനയാണു വലിയ തമാശ. അഭയയുടെ മരണനാളില്‍ കന്യകാത്വം നഷ്ടമായിരുന്നോ എന്നറിയാന്‍ 16 വര്‍ഷങ്ങള്‍ക്കുശേഷം നടത്തുന്ന ഒരു ടെസ്റിനാകുമോ എന്നു ചിലര്‍ ചോദിക്കുന്നു. സി.ബി.ഐ. ഇവരുടെ അറിവില്ലായ്മ പൊറുക്കട്ടെ. കന്യകയായിരിക്കണോ കന്യകയാണോ തുടങിയ കാര്യങളൊക്കെ തികച്ചും വ്യക്തിപരവും ,അവര്‍ ദൈവത്തിനു മാത്രം കണക്കു കൊടുക്കേണ്ട കര്യങലുമാണ് ....അടിയന്റെ സംശയം മറ്റൊന്നാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയാണു ലൈംഗികത. ഈ വിഷയത്തില്‍ നിര്‍ബന്ധങ്ങള്‍ അനുവദനീയമാണോ? സ്ത്രീസമ്മതമില്ലാതെ അവളുടെ ലൈംഗികതയുടെ മേല്‍ കുതിരകയറുന്നതിനെ മലയാള നിഘണ്ടു ബലാത്സംഗമെന്നാണു വിളിക്കുന്നത്. സി.ബി.ഐ. നടത്തിയ നിര്‍ബന്ധ കന്യകാത്വ പരിശോധന ഒരര്‍ത്ഥത്തില്‍ ബലാല്‍ക്കാരമല്ലേ?
സെഫിയുടെ നിര്‍ബന്ധ കന്യകാ ത്വ പരിശോധന സന്ന്യാസത്തിനുമേലുള്ള സി.ബി.ഐ. യുടെ കടന്നുകയറ്റമായി ജുഡീഷ്യറി വിലയിരുത്തുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷനുകളും സ്ത്രീപക്ഷവാദികളും ഈ ആക്ഷേപ ത്തില്‍ പാലിക്കുന്ന നിശബ്ദത അത്ഭുതകരം തന്നെ!
ജനാധിപത്യവ്യവസ്ഥിതിയില്‍ പൌരനു നീതി കിട്ടാനു ള്ള അവസാന തുരുത്താണു ജുഡീഷ്യറി. പാക്കിസ്ഥാനു മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥി തി ഏറെക്കുറെ നിഷ്പക്ഷമാണെന്നാണു നമ്മുടെ ധാരണ. പക്ഷേ, ആ ബോധ്യത്തിന് ഇളക്കം തട്ടുന്ന സൂചനകള്‍ അടുത്തകാലത്തു ഗുജറാത്തിലുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥരിലും നിയമം വ്യാഖ്യാനിക്കുന്നവരിലും സംഘപരിവാര്‍ സംഘടനകളുടെ പ്രണേതാക്കളുണ്ടായിരുന്നുവെന്നതാണ് അവിടത്തെ പരാതി. അഭയ കേസന്വേഷണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ക്രൈ സ്തവ വിരുദ്ധര്‍ കടന്നുകൂടിയിരിക്കുന്നെന്ന് അടുക്കള സംസാരമുണ്ട്. ഇതൊരു കുപ്രചരണമായി കാണാനാണ് എനിക്കിഷ്ടം. സി.ബി.ഐ. പ്രതികളെ കണ്െടത്തിയില്ലെ ങ്കില്‍ അന്വേഷണം കേരളാ പൊലീസിനു വിടുമെന്ന ഹൈക്കോടതിയുടെ ഭീഷണിയെത്തുടര്‍ന്നാണു സി.ബി.ഐ. ഈ രീതിയില്‍ നീങ്ങുന്നതെന്നു കേള്‍ക്കുന്നു. വാസ്ത വത്തില്‍ ഈ ബലാല്‍ക്കാരത്തിന് ആരാണ് ഉത്തരവാദി?

Wednesday, December 17, 2008

സി.ബി.ഐക്ക്‌ ഇന്നലെ സഭയുടെ സമ്മര്‍ദം! ഇന്ന്‌ ആരുടെ സമ്മര്‍ദം?


അഭയാ കേസ്‌ അന്വേഷിക്കുന്ന സി.ബി.ഐ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയതുകൊണ്ടാണു സി.ബി.ഐ അഭയാകേസ്‌ തെളിയിക്കാത്തതെന്ന്‌ ആക്ഷേപിച്ചവര്‍ അറിവില്ലാത്തവരല്ല, അറിവേറിയവരാണ്‌. കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനു സി.ബി.ഐ വിധേയമായി. പത്രങ്ങളുടെ കടന്നാക്രമണവും അവര്‍ നേരിട്ടു. ബാഹ്യസമ്മര്‍ദങ്ങള്‍ ഒന്നും തങ്ങള്‍ക്ക്‌ ഉണ്ടായിട്ടില്ലെന്നു സി.ബി.ഐ നേതൃത്വനിരയിലെ വക്താക്കള്‍ പറഞ്ഞിട്ടും അധികമാരും, മാധ്യമങ്ങള്‍ പ്രത്യേകിച്ചും അതു ചെവിക്കൊണ്ടില്ല.ശക്തമായ കത്തോലിക്കാസഭാ നേതൃത്വവും കോട്ടയം അതിരൂപതയുമാണു സി.ബി.ഐയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നു പരസ്യമായും രഹസ്യമായും ആക്ഷേപിച്ചവര്‍ നിരവധിയാണ്‌.
ഒരു പ്രമുഖ മലയാളപത്രം അവരുടെ എഡിറ്റോറിയല്‍ കോളത്തില്‍ എഴുതിയത്‌ ഇങ്ങനെ: "അഭയാ കേസ്‌ അന്വേഷണത്തില്‍ കൈക്കൊണ്ട കുറ്റകരമായ അനാസ്ഥയ്ക്കെതിരേ ഹൈക്കോടതിയില്‍നിന്ന്‌ ഒന്നിലധികം തവണ രൂക്ഷവിമര്‍ശനങ്ങള്‍ സി.ബി.ഐക്ക്‌ ഏറ്റുവാങ്ങേണ്ടിവന്നു."മറ്റൊരു പത്രം അവരുടെ മുഖപ്രസംഗത്തിലെഴുതിയത്‌ ഇങ്ങനെയാണ്‌: "സിസ്റ്റര്‍ അഭയാ കേസില്‍ ആക്ഷന്‍ കൗണ്‍സില്‍ ഇടപെട്ടതിനുശേഷം കേസ്‌ സി.ബി.ഐക്കു കൈമാറിയെങ്കിലും അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായതിനാല്‍ പുരോഗതി ഉണ്ടായില്ല... നാര്‍കോ അനാലിസിസ്‌ ടെസ്റ്റിന്റെ സി.ഡിയില്‍ സി.ബി.ഐ തിരിമറി നടത്തിയെന്നും നാര്‍കോ ടെസ്റ്റ്‌ നടത്തിയ സ്ഥാപനം സി.ഡി എഡിറ്റു ചെയ്തുവെന്നും വിവാദമുയര്‍ന്നതുതന്നെ ഈ കേസ്‌ തെളിയിക്കാതിരിക്കാനുള്ള ബാഹ്യസമ്മര്‍ദത്തിന്റെ തെളിവായിരുന്നു. ഈ രണ്ടു സി.ഡികളിലുമുള്ള പ്രകടമായ വ്യത്യാസവും കോടതി വിമര്‍ശനത്തിനു പാത്രമായിരുന്നു." അവര്‍ തുടരുന്നു:"സാമുദായിക-ധനബലംകൊണ്ടു മാത്രമാണ്‌ ഈ കേസില്‍ ഇതുവരെ ശരിയായ അന്വേഷണം നടത്താന്‍ സാധ്യമാകാതിരുന്നത്‌."മൂന്നാമതൊരു പത്രം മുഖപ്രസംഗത്തില്‍ എഴുതിച്ചേര്‍ത്തത്‌ ഇതേ രീതിയില്‍ തന്നെ: "സി.ബി.ഐ അന്വേഷണം തട്ടിയും മുട്ടിയും ഇഴഞ്ഞുമാണു നീങ്ങിയത്‌. അന്വേഷണ സംഘത്തെ പലവട്ടം മാറ്റി നിശ്ചയിച്ചു. സി.ബി.ഐയില്‍ത്തന്നെ ആഭ്യന്തര കലഹങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും അഭയാ കേസ്‌ വഴിവച്ചു." ഇനി ഇതാ മറ്റൊരു പത്രത്തിന്റെ മുഖപ്രസംഗം: "പ്രതികളെ രക്ഷപ്പെടുത്തുന്നതിനും കേസ്‌ തേച്ചു മായ്ച്ചു കളയുന്നതിനും സി.ബി.ഐ കാട്ടിയ തിടുക്കം അവരെ സംശയത്തിന്റെ നിഴലിലാക്കി എന്നതാണു യാഥാര്‍ഥ്യം. ലാബ്‌ റിപ്പോര്‍ട്ടില്‍ വരെ കൃത്രിമം കാട്ടാന്‍ സി.ബി.ഐ മടിച്ചില്ല."ഇതെല്ലാം സി.ബി.ഐക്കെതിരേയുള്ള ഒരു ജനകീയ വിചാരണയായിരുന്നു. ചാനലുകളിലെ സര്‍വജ്ഞപീഠത്തില്‍ ഉപവിഷ്ടരായി ആരെയും വിധിക്കുന്ന ബുദ്ധിജീവികളായ മാധ്യമ വിചാരണക്കാരും സി.ബി.ഐയെ അലക്കുന്നതില്‍ ആരുടെയും പിന്നിലായിരുന്നില്ല. ഇതിലൂടെയെല്ലാം ഒന്നു രണ്ടു കാര്യങ്ങള്‍ സി.ബി.ഐ വിമര്‍ശകരായ മാധ്യമങ്ങള്‍ അടിവരയിട്ടു സമര്‍ഥിക്കുകയായിരുന്നു.
1.രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്ന ഏജന്‍സിയാണ്‌. ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക്‌ അതീതരല്ല അവര്‍.
2. ലാബ്‌ റിപ്പോര്‍ട്ടില്‍ വരെ, നാര്‍കോ ടെസ്റ്റ്‌ സിഡിയില്‍ വരെ കൃത്രിമം കാണിച്ചവരാണു സി.ബി.ഐ അങ്ങനെ കേസന്വേഷണത്തില്‍ കൃത്രിമം കാണിക്കാനും തയാറാകുന്ന കുറ്റാന്വേഷണ ഏജന്‍സിയാണു സി.ബി.ഐ.
മാധ്യമവിചാരണക്കാര്‍ ആഗ്രഹിച്ച അറസ്റ്റ്‌ നടന്നപ്പോള്‍ അവര്‍ തന്നെ വിമര്‍ശിച്ചു വിലയിടിച്ചു കാണിച്ച സി.ബി.ഐയുടെ കിരീടത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്താനും ഇതേ മാധ്യമ വിചാര കേസരികള്‍ മത്സരിക്കുന്നു! ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും കൃത്രിമം കാട്ടുകയും ചെയ്തിട്ടുള്ളവരാണു സി.ബി.ഐ എന്ന്‌ ആക്ഷേപിക്കുമ്പോള്‍ ആ ആഹ്ലാദം സംശയത്തിന്‌ ഇടം നല്‍കുന്നുണ്ട്‌.രാജ്യത്തെ ഏറ്റവും പ്രമുഖ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്ന ഒരു സ്ഥാപനമാണെന്നു സാമാന്യബുദ്ധിയുള്ള ആരും കരുതിയിരുന്നില്ല. എന്നാല്‍, മാധ്യമങ്ങളുടെയും മറ്റും നിഗമനം- അതായതു സി.ബി.ഐ ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്ന ഏജന്‍സിയാണെന്നും അവര്‍ കൃത്രിമം കാണിക്കാന്‍ മടിക്കാത്തവരാണെന്നുമൊക്കെയുള്ള നിഗമനം (കോടതി പരാമര്‍ശങ്ങളും പരോക്ഷമായി ഈ നിഗമനത്തിലേക്കു വിരല്‍ ചൂണ്ടുന്നു) ശരിയായിരുന്നിരിക്കണം എന്നു ചിന്തിക്കാന്‍ നിഷ്പക്ഷമതികളെപ്പോലും പ്രേരിപ്പിക്കുന്ന സംഭവവികാസങ്ങളാണ്‌ ഇന്ന്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌.
പതിനാറു വര്‍ഷത്തോളം അഭയാ കേസ്‌ അന്വേഷിച്ച സി.ബി.ഐയുടെ വിവിധ സംഘങ്ങള്‍ തെളിവില്ലെന്നു പറഞ്ഞാണ്‌ ആരെയും അറസ്റ്റ്‌ ചെയ്യാതിരുന്നത്‌. എന്നാല്‍, അവര്‍ അങ്ങനെ ചെയ്തതു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയായിരുന്നുവെങ്കില്‍ സി.ബി.ഐയുടെ കേരളഘടകം അന്വേഷണം ഏറ്റെടുത്തു പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുപേരെ അറസ്റ്റ്‌ ചെയ്തു കൈയടി നേടിയെങ്കില്‍ ആരുടെ സമ്മര്‍ദമാണ്‌ ഇങ്ങനെയൊരു അറസ്റ്റിന്‌ അവരെ പ്രേരിപ്പിച്ചതെന്ന ചോദ്യം തീര്‍ത്തും യുക്തിസഹവും ന്യായവുമല്ലേ? സി.ബി.ഐ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുന്ന ഏജന്‍സിയാണെന്ന മാധ്യമവിചാരണക്കാരുടെ മുന്‍ ആരോപണം ശരിയാണെന്നു സ്വന്തം നടപടികളിലൂടെ അവര്‍ സമ്മതിച്ചിരിക്കുന്നുവെന്നല്ലേ നേര്‍ബുദ്ധിയോടെ, പക്ഷപാതരഹിതമായി ചിന്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കരുതാനാവൂ? അതോ മാധ്യമ സമ്മര്‍ദത്തിന്റെ ശക്തിയോ?സി.ബി.ഐയില്‍ ഇത്രയും കാലം സമ്മര്‍ദം ചെലുത്തിയതു സഭയാണെന്ന മട്ടിലാണ്‌ പല മാധ്യമങ്ങളും ആരോപണം ഉന്നയിച്ചത്‌. എന്നാല്‍, അഭയാ കേസില്‍ തുടക്കം മുതല്‍ കോട്ടയം അതിരൂപതാ നേതൃത്വം അതിനോടു പൂര്‍ണമായും സഹകരിക്കുകയായിരുന്നുവെന്നതാണു വസ്തുത. അഭയയുടെ മരണത്തിനു പിന്നില്‍ ആരായിരുന്നാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നതാണ്‌ കോട്ടയം അതിരൂപത നേതൃത്വം എക്കാലവും സ്വീകരിച്ച നിലപാട്‌. എന്നിട്ടും അതിരൂപതയെയും രൂപതാധികാരികളെയും താറടിച്ചുകാണിക്കാനുള്ള ഒരു മാര്‍ഗമായാണ്‌ ഈ കേസിനെ ഒരുവിഭാഗം മാധ്യമങ്ങളും ക്രൈസ്തവ വിരോധികളായ വര്‍ഗീയവാദികളും മാധ്യമവിചാരക്കാരും ഉപയോഗിച്ചത്‌. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായാണ്‌ ഇവര്‍ സഭയെ കാണുന്നതെന്നു വ്യക്തം.
ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രം നവംബര്‍ 20-ാ‍ം തീയതി അഭയാ കേസ്‌ അറസ്റ്റില്‍ ആനന്ദിച്ച്‌ ആഘോഷിച്ചത്‌ ഒന്നാം പേജില്‍ WAGES OF SIN (പാപത്തിന്റെ വേതനം) എന്ന അതിവലിപ്പത്തിലുള്ള തലക്കെട്ട്‌ കൊടുത്തുകൊണ്ടായിരുന്നു. വലിയൊരു വിധിയെഴുത്തുതന്നെയായിരുന്നു അത്‌. മരണവിധി തന്നെ ആയിരുന്നില്ലേ അത്‌? WAGES OF SIN IS DEATH (പാപത്തിന്റെ വേതനം മരണം- റോമ 6, 23) എന്ന സെന്റ്‌ പോളിന്റെ വചനം ഭാഗികമായി കടമെടുത്ത്‌ അവസരോചിതമായി ഈ പത്രം ഉപയോഗിക്കുകയായിരുന്നു. പത്രങ്ങള്‍ വിധിയെഴുത്തുകാരാകുന്ന ക്രൂരവിനോദംതന്നെ ഇത്‌. എന്തിനു പറയുന്നു, സി.ബി.ഐ അറസ്റ്റ്‌ രേഖപ്പെടുത്തുന്നതിനു വളരെ മുമ്പുതന്നെ പ്രതികള്‍ ഇന്നവരാണെന്നു പ്രഖ്യാപിച്ച്‌ അവരുടെ ചിത്രംവരെ പ്രസിദ്ധീകരിക്കാന്‍ മടികാണിക്കാത്തവരാണു ചില പത്രങ്ങള്‍. ഇവരെത്തന്നെ അറസ്റ്റുചെയ്യിക്കാന്‍ സി.ബി.ഐയെ നിര്‍ബന്ധിതമാക്കുന്ന ശൈലിയിലായിരുന്നു ഈ നീക്കങ്ങള്‍.അഭയാ കേസ്‌ അന്വേഷണം നിഷ്പക്ഷവും നീതിയുക്തവുമാകണമെന്നു കോട്ടയം അതിരൂപതാ നേതൃത്വം ആവശ്യപ്പെടുമ്പോള്‍ അതിനെയും കേസിനെ അട്ടിമറിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുന്ന വികലബുദ്ധികള്‍ക്ക്‌ അവര്‍ എഴുതിവച്ചിരിക്കുന്ന തിരക്കഥാനുസൃതം നാടകം അരങ്ങേറണമെന്നു നിര്‍ബന്ധമുണ്ടായിരിക്കും. എന്നാല്‍, സത്യാന്വേഷകര്‍ക്ക്‌ ആ നിര്‍ബന്ധമില്ല.കോട്ടയം അതിരൂപതാധ്യക്ഷന്‍ ഇറക്കിയ ചിന്തോദ്ദീപകമായ സര്‍ക്കുലറില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: "ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ ഈ കേസ്‌ ഏറ്റെടുത്തപ്പോള്‍ മുതല്‍ അവരുടെ അന്വേഷണത്തില്‍ പൂര്‍ണമായ സഹകരണം സഭ നല്‍കിയിരുന്നുവെന്നത്‌ സി.ബി.ഐക്കു പോലും നിഷേധിക്കാനാവാത്ത വസ്തുതയാണ്‌. വൈദികരെയും സിസ്റ്റേഴ്സിനെയും വിവിധ അന്വേഷണങ്ങള്‍ക്കു വിധേയരാക്കുന്നതിന്‌ സി.ബി.ഐ ആവശ്യപ്പെടുമ്പോഴെല്ലാം യാതൊരു മടിയും കൂടാതെ സഭ പൂര്‍ണമായി സഹകരിക്കുകയും അന്വേഷണത്തിനു വിധേയരാകാന്‍ ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. തുടര്‍ച്ചയായി മാറിമാറി വന്ന അന്വേഷണസംഘങ്ങള്‍ സത്യം കണെ്ടത്താനാകാതെ വലഞ്ഞപ്പോള്‍ ചില വ്യക്തികളും മാധ്യമങ്ങളും അതു സഭയെ താറടിച്ചു കാണിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും സഭ സ്വാധീനം ചെലുത്തുന്നുവെന്ന്‌ ആരോപിക്കുകയും ചെയ്തു.ഇത്തരവാദിത്വമുള്ള വ്യക്തികളില്‍നിന്നോ സി.ബി.ഐയില്‍നിന്നോ ഇത്തരത്തിലുള്ള യാതൊരു ആരോപണങ്ങളും ഉണ്ടാകാത്ത സാഹചര്യത്തില്‍ അത്തരം ആരോപണങ്ങളെ അവഗണിക്കുന്നതാണ്‌ നല്ലതെന്നായിരുന്നു നമ്മുടെ തീരുമാനം.എന്നെ സന്ദര്‍ശിച്ച സി.ബി.ഐ ഉദ്യോഗസ്ഥരോടു വിവിധ സി.ബി.ഐ സംഘങ്ങളുടെ അന്വേഷണം ഭാഗികമാണെന്നും വളരെ പ്രധാനപ്പെട്ട ചില സംഭവങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍നിന്നു മനഃപൂര്‍വം മാറ്റിനിര്‍ത്ത പ്പെടുന്നതായി അനേകംപേര്‍ക്കു സംശയമുണെ്ടന്നും ഞാന്‍ പറയുകയുണ്ടായി. എല്ലാ മേഖലകളും അന്വേഷണവിധേയമാക്കാമെന്ന്‌ അവര്‍ ഉറപ്പുനല്‍കി. അതുകൊണ്ടുതന്നെ നാര്‍ക്കോ അനാലിസിസ്‌ പോലുള്ള എല്ലാ ടെസ്റ്റുകളോടും സഹകരിക്കാന്‍ അവര്‍ തയാറായി. എന്നാല്‍, പിന്നീട്‌ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്‌ ഈ ടെസ്റ്റുകളില്‍പ്പോലും സ്വാധീനവും തിരുത്തലുകളും ഉണ്ടായി എന്നതാണ്‌.
സഭ ഇന്നുവരെ അന്വേഷണത്തെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വാധീനിക്കാന്‍ ശ്രമിച്ചവരെ സി.ബി.ഐ കണെ്ടത്തി വെളിച്ചത്തു കൊണ്ടുവരുമെന്ന്‌ സഭ ഇപ്പോഴും വിശ്വസിക്കുന്നു.ഈ കേസിന്റെ ആരംഭകാലം മുതല്‍തന്നെ അതിരൂപതയുടെ നിലപാട്‌ ഒന്നുമാത്രമാണ്‌. സിസ്റ്റര്‍ അഭയയുടെ മരണത്തിനു പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. അത്‌ ആരായിരുന്നാലും സഭയ്ക്ക്‌ അക്കാര്യത്തില്‍ മുഖംനോട്ടമില്ല. എന്നുമാത്രമല്ല, അതു സിസ്റ്റര്‍ അഭയയോടുള്ള നമ്മുടെ ബാധ്യതയുമാണ്‌. ഇക്കാര്യത്തില്‍ നടക്കുന്ന അന്വേഷണം നിഷ്പക്ഷമാകണം."അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നു പറയാന്‍ കോട്ടയം അതിരൂപതാധ്യക്ഷന്‌ അവകാശമില്ലെന്ന രീതിയിലാണു പ്രതികളെ പണേ്ട കണ്ടുപിടിച്ചു കുറ്റവിചാരണ ചെയ്തവര്‍ എഴുതുകയും പറയുകയും ചെയ്യുന്നത്‌. ഇതു മാധ്യമ സ്വാതന്ത്ര്യ ത്തിന്റെ അപമാനകരമായ വിനിയോഗമാണ്‌. വിദ്വേ ഷ പ്രചാരണമാണ്‌, സംശയമില്ല.സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണത്രേ അറസ്റ്റ്‌! അറസ്റ്റിന്‍ നീതികരിച്ചുകൊണ്ടു മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ തത്പരകക്ഷികള്‍ നന്നായി പരിശ്രമിക്കുന്നുണ്ട്‌. സീല്‍ ചെയ്ത കവര്‍ എന്നു പറയുന്ന സാധനത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ തത്ത പറയുംപോലെ പറയുമ്പോള്‍ അവഹേളിതരാകുന്നതു സി.ബി.ഐയും മിടുക്കരാകുന്നതു മാധ്യമ റിപ്പോര്‍ട്ടര്‍മാരുമല്ലേ?പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു ഇപ്പോള്‍ എവിടെ? അയാളുടെ മൊഴി പിഴിഞ്ഞെടുക്കപ്പെട്ട മൊഴിയാണോ? സഞ്ജു പി.മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. കുപ്രസിദ്ധ മോഷ്ടാവിനെയും ഒരാള്‍ മതില്‍ചാടി ഒരു കോമ്പൗണ്ടില്‍ കയറുന്നതു കണ്ടിട്ടും നിശബ്ദനായിരുന്ന വാച്ചറിന്റെയും മൊഴി നീതിന്യായവ്യവസ്ഥയെ പരിഹസിക്കുന്നതാണ്‌. ചില മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളല്ലാതെ സഞ്ജുവിന്റെ രഹസ്യമൊഴിയില്‍ എന്താണുള്ളതെന്നും പൊതുജനങ്ങള്‍ക്ക്‌ അറിയില്ല. ഇതല്ലാതെ വേറെയും തെളിവുകളുണെ്ടന്നു സി.ബി.ഐ പറയുന്നു. പക്ഷേ, അതും എന്താണെന്ന്‌ പുറത്തുപറയുന്നില്ല.
മൂന്നുപേരെ അറസ്റ്റു ചെയ്ത്‌ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച്‌ അവഹേളനാപാത്രങ്ങളാക്കാന്‍ ഉത്സാഹം കാട്ടിയവര്‍ എന്തുകൊണ്ടായിരിക്കുമോ തെളിവുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മറച്ചു പിടിക്കുന്നത്‌? ഇപ്പോള്‍ തെളിവുകള്‍ പുറത്തുവിടുന്നതു കേസന്വേഷണത്തെ ബാധിക്കുമെങ്കില്‍ ആ തെളിവുകളും ശേഖരിച്ചിട്ടാകാമായിരുന്നില്ലേ അറസ്റ്റ്‌ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ആരുമില്ല.നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ആ അവസരത്തില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധനാഫലം അടങ്ങിയ സി.ഡികള്‍ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ അവ എന്താണെന്ന്‌ അറിയാന്‍ ജനാധിപത്യഭരണക്രമത്തില്‍ പൊതുജനങ്ങള്‍ക്ക്‌ അവകാശമില്ലേ?നാര്‍ക്കോ ടെസ്റ്റില്‍, ട്രൂത്ത്‌ സീറം എന്നറിയപ്പെടുന്ന, മയക്കുമരുന്നു പോലുള്ള രാസവസ്തു കുത്തിവച്ച്‌ അര്‍ധബോധാവസ്ഥയില്‍ കഴിയുന്ന കുറ്റാരോപിതര്‍ ചോദ്യം ചെയ്യലില്‍ എന്തെല്ലാമാണു പറഞ്ഞതെന്നും അവരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും വിശദമായി അറിഞ്ഞാലേ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെപ്പറ്റിയുള്ള പുകമറ നീങ്ങി പൊതുജനത്തിനു മുന്നില്‍ സത്യം വെളിവാകൂ. മുന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു മൂന്നുപേരെ അറസ്റ്റ്‌ ചെയ്തതെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, മതിയായ തെളിവുകളില്ലാത്തതാണ്‌ അറസ്റ്റിനു തടസമായി നില്‍ക്കുന്നതെന്നു സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്‌ ഏതാനും മാസം മുമ്പാണ്‌. കേസന്വേഷണത്തില്‍ ബാഹ്യമോ സ്ഥാപനപരമോ ആയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചതായാണ്‌ വാര്‍ത്തയെങ്കിലും മാധ്യമ "വിചാരക്കാര്‍", കഥകള്‍ മെനഞ്ഞു കൊണേ്ടയിരിക്കുന്നു.പാവം ജനം പറയുക, "പത്രത്തില്‍ അങ്ങനെ കണ്ടതല്ലേ, പിന്നെ അതു ശരിയാകാതിരിക്കുമോ" എന്നാവും. ആ 'ശരി'ക്കുള്ള നല്ലൊരു ഉദാഹരണം ഇതാ: ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രവും മറ്റൊരു വലിയ മലയാളം പത്രവും ഒരേ ദിവസം വാര്‍ത്ത കൊടുത്തു. അഭയാ കേസില്‍ സോണിയായെ സ്വാധീനിക്കാന്‍ രണ്ടു ബിഷപ്പുമാര്‍ ഒരു നിശ്ചിത ദിവസം ഡല്‍ഹിയിലെത്തിയെന്ന്‌. എന്നാല്‍, ആ ദിവസം അതിലൊരു ബിഷപ്‌ ഇടുക്കിയില്‍ പരിപാടികളുമായി ഓടി നടക്കുകയായിരുന്നു. മാധ്യമസത്യ സന്ധതയുടെ ഒന്നാംകിട ഉദാഹരണം.പതിനാറു വര്‍ഷത്തോളം അഭയാ കേസ്‌ അന്വേഷിച്ച സി.ബി.ഐയുടെ വിവിധ സംഘങ്ങള്‍ തെളിവില്ലെന്നു പറഞ്ഞാണ്‌ ആരെയും അറസ്റ്റ്‌ ചെയ്യാതിരുന്നത്‌. എന്നാല്‍, അവര്‍ അങ്ങനെ ചെയ്തതു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയായിരുന്നുവെങ്കില്‍ സി.ബി.ഐയുടെ കേരളഘടകം അന്വേഷണം ഏറ്റെടുത്തു പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുപേരെ അറസ്റ്റ്‌ ചെയ്തുകൈയടി നേടിയെങ്കില്‍ ആരുടെ സമ്മര്‍ദമാണ്‌ ഇങ്ങനെയൊരു അറസ്റ്റിന്‌ അവരെ പ്രേരിപ്പിച്ചതെന്ന ചോദ്യം തീര്‍ത്തും യുക്തിസഹവും ന്യായവുമല്ലേ? അതിനുത്തരം ഗൂഢമായ താത്പര്യമുള്ള മാധ്യമങ്ങള്‍ എന്നുതന്നെയല്ലേ?അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നു പറയാന്‍ കോട്ടയം അതിരൂപതാധ്യക്ഷന്‌ അവകാശമില്ലെന്ന രീതിയിലാണു പ്രതികളെ പണേ്ട കണ്ടുപിടിച്ചു കുറ്റവിചാരണ ചെയ്തവര്‍ ഇന്ന്‌ എഴുതുകയും പറയുകയും ചെയ്യുന്നത്‌. ഇതു മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപമാനകരമായ വിനിയോഗമാണ്‌. വിദ്വേഷപ്രചാരണമാണ്‌, സംശയമില്ല.

മാധ്യമ വിചാരണ നീതിനിര്‍വഹണത്തെ സ്വാധീനിക്കരുത്‌ - ജസ്റ്റീസ്‌ കെ.ടി തോമസ്‌


മാധ്യമങ്ങളുടെ വിചാരണ അഭയാ കേസില്‍ കോടതി നടപടികളെ സ്വാധീനിക്കു ന്നുണേ്ടാ? അറസ്റ്റിലായവര്‍ക്ക്‌ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ആനുകൂല്യങ്ങളും മാനുഷിക നീതിയും നിഷേധിക്കപ്പെടുന്നു എന്നത്‌ യാഥാര്‍ഥ്യം. മുന്‍ സുപ്രീം കോടതി ന്യായാധിപനും രാജ്യത്തെ പ്രമുഖ നിയമജ്ഞനുമായ ജസ്റ്റീസ്‌ കെ.ടി തോമസ്‌ അഭയാ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ വാദിക്കുകയും രാജീവ്‌ ഗാന്ധി വധക്കേസില്‍ ഉള്‍പ്പെടെ വിധി പ്രസ്താവിക്കുകയും ചെയ്ത ജസ്റ്റീസ്‌ കെ.ടി തോമസ്‌ കോടതി നടപടികളെ മാധ്യമങ്ങള്‍ സ്വാധീനിക്കെരുതെന്ന്‌ ശക്തമായി ആവശ്യപ്പെടുന്നു. സര്‍വീസില്‍ നിന്ന്‌ വിരമിച്ചപ്പോള്‍, ക്രിമിനല്‍ കേസ്‌ നടപടികളില്‍ രാജ്യത്തെ ഏറ്റവും പ്രമുഖ നിയമജ്ഞന്‍ എന്ന വിശേഷണത്തോടെ ജസ്റ്റീസ്‌ തോമസ്‌ വിധി പ്രസ്താവിച്ച കേസുകള്‍ സി.ബി.ഐ പുസ്തകമായി പ്രസാധനം ചെയ്തിട്ടുണ്ട്‌അഭയാ കേസില്‍ പല ടിവി ചാനലുകളും പത്രമാധ്യമങ്ങളും തുടര്‍ച്ചയായി നടത്തുന്ന മാധ്യമവിചാരണ കോടതിയെ സ്വാധീനിക്കുമെന്നത്‌ ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്‌. നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ തീരുമാനിക്കേണ്ട ന്യായാധിപന്റെ മനസിനെയും മസ്തിഷ്ക ത്തെയും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വിചാരണ സ്വാധീനിച്ചു പോയാല്‍ അത്‌ നീതിയുടെ തകര്‍ച്ചയ്ക്ക്‌ ഇടയാക്കും. ന്യായാധിപന്‍മാരും മനുഷ്യ രാണെന്നും അവര്‍ കമ്പ്യൂട്ടറുകള്‍ അല്ലെന്നും മാധ്യമവിചാരണ നടത്തു ന്നവര്‍ ഓര്‍ക്കേണ്ടതാണ്‌. അഭയ കൊല്ലപ്പെട്ടതല്ല ആത്മഹത്യ ചെയ്തതാണെന്നു കണെ്ടത്തി രണ്ടു അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കിയ ശേഷം, അഭയ കൊല്ലപ്പെട്ടതാണെന്ന്‌ മറ്റൊരു ഏജന്‍സി നാര്‍ക്കോ അനാലിസിസിലൂടെ പറഞ്ഞതിനു പിന്നാ ലെയാണ്‌ ഇത്തരത്തിലുള്ള മാധ്യമ വിചാരണ നടക്കുന്നത്‌. അഭയയുടേത്‌ ആ ത്മഹത്യയോ കൊലപാതകമോ എന്നു തീരുമാനിക്കേണ്ടതു പ്രയാസമേറിയ ഒരു പ്രക്രിയ ആണ്‌.സമ്പൂര്‍ണ വിചാരണയ്ക്കുമുമ്പ്‌ അതി ലൊന്ന്‌ ആണെന്നു പൊതുജനാഭിപ്രായം ഉണ്ടാക്കി എടുക്കാനുള്ള ശ്രമം ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്‌ഓരോ ദിവസവും ഓരോ സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നു. പ്രതികള്‍ക്കുപോലും ഇതുവരെ നല്‍കിയിട്ടില്ലാത്ത ആ സാക്ഷിമൊഴികള്‍ എങ്ങനെ മാധ്യമങ്ങളുടെ പക്കല്‍ എത്തിപ്പറ്റി?പ്രതികള്‍ക്കുപോലും ഈ ഘട്ടത്തില്‍ നല്‍കാന്‍ അനുവാദമില്ലാത്ത കേസ്‌ ഡയറിക്കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക്‌ എങ്ങനെ ലഭിക്കുന്നുവെന്നു കോടതി അന്വേഷിക്കണം. നാര്‍ക്കോ അനാലിസിസ്‌ നടത്തി അബോധാവസ്ഥയിലായിരിക്കുന്ന പ്രതി പുലമ്പുന്ന വചനങ്ങള്‍ കോടതി മുമ്പാകെ തെളിവായി സ്വീകരിക്കാന്‍ സാധിക്കുന്നതല്ല. അതേപ്പറ്റി ഒരു നിയമജ്ഞനും എതിര്‍ അഭിപ്രായം പറയുകയില്ല. പരിഷ്കൃത രാജ്യങ്ങളൊന്നും നാര്‍ക്കോ അനാലിസിസ്‌ അനുവദിക്കുന്നില്ല. ഇപ്പോള്‍ തന്നെ ഇത്ര വിപുലമായ മാധ്യമ വിചാരണ കൊണ്ടു കോടതി സ്വാധീനിക്കപ്പെടാന്‍ അനുവദിക്കരുത്‌. അറസ്റ്റിലായ പ്രതികള്‍ തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ അഭിഭാഷകരെ അനുവദിക്കണമെന്ന്‌ അപേ ക്ഷ നല്‍കിയപ്പോള്‍ അതു തിരസ്കരിച്ചത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഇരു പത്തിരണ്ടാം വകുപ്പനുസരിച്ച്‌ മൗലികാവകാശത്തിന്റെ നഗ്നമായ നിഷേധമാണ്‌. മറ്റൊരും കേള്‍ക്കാതെ, തനിക്ക്‌ ഇഷ്ടമുള്ള വക്കീലുമായി സംസാരിക്കാന്‍ ഇന്ത്യന്‍ എവിഡന്‍സ്‌ ആക്‌ ട്‌ 126-ാ‍ം വകുപ്പ്‌ അനുമതി നല്‍കുന്നു. സംസാരിച്ചത്‌ എന്തെന്നു ചോദിക്കാന്‍ കോടതിക്കു പോലും അവകാശമില്ല. അഭയാ കേസില്‍ ഇത്തരത്തിലുള്ള പ്രാഥമിക നീതി ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ നിഷേധിച്ചത്‌, ആ നിയമത്തെപ്പറ്റി അദ്ദേഹം അജ്ഞനായതുകൊണ്ടല്ല മറിച്ച്‌ മാധ്യമ വിചാരണക്കാ രുടെ സ്വാധീനം മൂലം ക്രിമിനല്‍ നിയമത്തിന്റെ മൗലിക തത്ത്വങ്ങള്‍ അന്ധമായി ബലി കഴിച്ചതുകൊണ്ടാണ്‌. മുമ്പു കേരളത്തില്‍ നടന്ന മൂന്ന്‌ ആത്മഹത്യാ കേസുകള്‍ നരഹത്യയാക്കി മാറ്റി സി.ബി.ഐ കോടതിയില്‍ എത്തിച്ച കാര്യം മറക്കാറായിട്ടില്ല. മാധ്യമ വിചാരണകള്‍ മൂലം ആ കേസുകളില്‍ കീഴ്‌ ക്കോടതി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, മേല്‍ക്കോടതിയില്‍ ചെന്നപ്പോള്‍ മാത്രമാണ്‌ ഇവ ആത്മഹത്യ യാണെന്നു തിരിച്ചറിഞ്ഞു പ്രതികളെ വെറുതേ വിട്ടത്‌.കൊലപാതകം നടന്നിട്ടില്ലാതിരിക്കെ മാധ്യമ വിചാരണക്കാരുടെ ശക്തമായ സ്വാധീനത്താല്‍ അത്‌ നരഹത്യയായി മാറുകയും കേസില്‍ പ്രതിയെ വധശിക്ഷയ്ക്ക്‌ വിധേയനാക്കുകയും ചെയ്ത സംഭവം വിദേശത്ത്‌ ഉണ്ടായിട്ടുണ്ട്‌. കൊല ചെയ്യപ്പെട്ടു എന്നു കരുതിയ പെണ്‍കുട്ടി 12 വര്‍ഷത്തിനുശേഷം ജീവനോടെ രംഗത്തു വന്നപ്പോഴാണു കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ പ്രതി നിരപരാധിയാണെന്നു ലോകത്തിന്‌ മനസിലായത്‌. ഇന്ത്യയിലും ഇങ്ങനെ സംഭവിച്ചു കൂടായ്കയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനാണ്‌ ഇന്ത്യയിലെ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്‌.