Friday, January 2, 2009

വഴിതെറ്റിപ്പോയ CBI യെ വഴികണ്ടെത്താന്‍ സഹായിക്കൂ കൂട്ടുകാരെ


സി.ബി.ഐ.യുടെ വാദം കേസ്‌ ഡയറിക്കു വിരുദ്ധം-കോടതി
''കാടുകയറിപ്പോകുന്ന സിബിഐയുടെ നിഗമനങ്ങള്‍ക്ക്‌ കേസ്‌ രേഖയുമായി യാതൊരു ബന്ധവുമില്ല''. കോണ്‍വെന്റിലെ കന്യാസ്‌ത്രീകള്‍ ഒരിക്കല്‍പോലും ഇത്‌ ആത്മഹത്യയെന്നു പറഞ്ഞിട്ടില്ല. കോണ്‍വെന്റധികൃതരുടെ പരാതിയിന്മേലാണ്‌ അന്വേഷണം സിബിഐക്കു വിട്ടത്‌. എന്നിട്ടും സഭ/കോണ്‍വെന്റ്‌ കേസൊതുക്കാന്‍ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ സിബിഐ കണ്ണില്‍പ്പൊടിയിടാന്‍ ശ്രമിക്കുന്നതെന്തിനാണ്‌-കോടതി ചോദിക്കുന്നു. ''അടുക്കളയില്‍ പിടിവലിയും അടിയും നടന്നെങ്കില്‍ ഒരു തുള്ളി ചോരയെങ്കിലും സംഭവസ്ഥലത്ത്‌ കാണണം. ചോര കണ്ടതായി ഒരു സാക്ഷിയും പറയുന്നില്ല'' - ഹൈക്കോടതി പറഞ്ഞു. അവ്യക്തമായ ചില പൊതുവിവരങ്ങളേ സിബിഐ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും ഉള്ളൂവെന്നാണ്‌കോടതിയുടെ നിഗമനം. കൊലയ്‌ക്കുപയോഗിച്ച ആയുധത്തെപ്പറ്റിയും സിബിഐക്ക്‌ വ്യക്തമായ ധാരണയില്ല. കോടാലിയെന്നും ചുറ്റികയെന്നും പറയുന്നുണ്ട്‌. ശാസ്‌ത്രീയപരിശോധനാ ഫലങ്ങളും വ്യക്തമായ തെളിവുനല്‍കുന്നില്ലെന്ന്‌ കോടതി വിലയിരുത്തുന്നു. ഫാ. ജോസ്‌ പൂതൃക്കയിലിനും സിസ്റ്റര്‍ സെഫിക്കും സിസ്റ്റര്‍ അഭയയുടെ മരണവുമായി നേരിട്ട്‌ ബന്ധമില്ലെന്നാണ്‌ മസ്‌തിഷ്‌ക വിരലടയാള പരിശോധനയുടെ ഫലം നല്‍കുന്ന സൂചനയെന്ന്‌ കോടതി പറയുന്നു. ഫാ. തോമസ്‌ കോട്ടൂരിന്റെ പരിശോധനാ ഫലത്തെപ്പറ്റി കോടതി പരാമര്‍ശിക്കുന്നില്ല. നാര്‍കോ പരിശോധനാ സിഡിയും ഡോ. മാലിനിയുടെ പരിശോധനാ റിപ്പോര്‍ട്ടും എഡിറ്റ്‌ ചെയ്‌തതാണെന്നു മാത്രമല്ല കൃത്രിമത്വം വരുത്തിയതാണെന്നും കോടതി കുറ്റപ്പെടുത്തുന്നു. എഡിറ്റിങ്‌ നടന്നത്‌ നഗ്നനേത്രംകൊണ്ടുതന്നെ മനസ്സിലാക്കാം. അതിന്‌ വിദഗ്‌ദ്ധ സഹായം വേണ്ട. സിബിഐ നല്‍കിയ ഒരു സിഡിയും ലാബില്‍ നിന്നു ലഭിച്ച മൂന്നു സിഡികളും കൃത്രിമത്വമുള്ളതാണ്‌. ഡോ. മാലിനിയുടെ റിപ്പോര്‍ട്ട്‌, സിഡി എന്നിവയെ ആധാരമാക്കി ഒരു നിഗമനത്തിലെത്താന്‍ തയ്യാറല്ലെന്ന്‌ കോടതി വ്യക്തമാക്കുന്നു. അഭയയുടെ ദേഹത്തുള്ള മുറിവ്‌ വി.വി. അഗസ്റ്റിന്‍ വിട്ടുകളഞ്ഞുവെന്നാണ്‌ മറ്റൊരാരോപണം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും കഴുത്തില്‍ മുറിവ്‌ രേഖപ്പെടുത്തിയിട്ടില്ല. ആ റിപ്പോര്‍ട്ട്‌ സ്വീകരിക്കുന്ന സിബിഐ അഗസ്റ്റിന്റെ പിഴവിനെ ആക്രമിക്കുന്നതെന്തിന്‌ എന്നാണ്‌ കോടതിയുടെ മറ്റൊരു ചോദ്യം. 1993 മാര്‍ച്ച്‌ 29-ന്‌ അന്വേഷണച്ചുമതലയേറ്റ സിബിഐ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസ്‌ രണ്ടു മാസത്തോളം ഒറ്റ സാക്ഷിയെപ്പോലും ചോദ്യംചെയ്‌തിട്ടില്ല. മജിസ്‌ട്രേട്ട്‌ തെളിവ്‌ നശിപ്പിക്കുന്നത്‌ തടയാനും നടപടിയെടുത്തില്ല. പിന്നീട്‌, അന്വേഷണ പുരോഗതിയുണ്ടാക്കാനായില്ലെന്ന്‌ വിലയിരുത്തി അന്വേഷണച്ചുമതലയില്‍ നിന്ന്‌ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. അതേസമയം, എഎസ്‌ഐ വി.വി. അഗസ്റ്റിന്‍ കാര്യമായ ജോലി ചെയ്‌തുവെന്നും കോടതി കണ്ടെത്തുന്നു. രണ്ടുദിവസം കൊണ്ട്‌ 24 സാക്ഷികളെ ചോദ്യം ചെയ്‌ത്‌ കൊലപാതകമെന്ന വിലയിരുത്തലിലെത്തി. സ്വന്തം പിഴ മൂടിവയ്‌ക്കാനാണ്‌ സിബിഐ ശ്രമിച്ചതെന്ന്‌ കോടതി കുറ്റപ്പെടുത്തി. അടയ്‌ക്കാ രാജു, സഞ്‌ജു പി. തോമസ്‌, വൈദികര്‍ എന്നിവരുടെ മൊഴികള്‍ ജാമ്യം നിഷേധിക്കത്തക്കതല്ല എന്നാണ്‌ കോടതിയുടെ വിലയിരുത്തല്‍. 'അടയ്‌ക്കാ രാജു' എന്ന 'കള്ളന്മാരിലെ താര'മാണ്‌ ഈ കേസിലെ സാക്ഷികളിലെ താരം എന്നു കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ ജയിലില്‍ ഇടണമെന്ന്‌ സിബിഐ വാദിക്കുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടുന്നു. സംഭവ ദിവസം രാത്രി 12.30-ന്‌ കോട്ടൂരച്ചന്റെ (ഫാ. തോമസ്‌ കോട്ടൂര്‍) സ്‌കൂട്ടര്‍ കോണ്‍വെന്റിനടുത്തുള്ള തന്റെ വീടിനടുത്ത്‌ കണ്ടുവെന്നുമാത്രമാണ്‌ സഞ്‌ജു പി. തോമസിന്റെ മൊഴിയില്‍ പറയുന്നത്‌. ഈ ഒരു വരിയൊഴിച്ചാല്‍ പ്രതിക്കെതിരെ യാതൊരു പരാമര്‍ശവുമില്ല. ഇതിന്റെ പേരില്‍ ഇവരെ ഇനിയും ജയിലില്‍ ഇടണമെന്ന സിബിഐയുടെ വാദം ശരിയോ? - കോടതി ചോദിക്കുന്നു. മൂന്നു പ്രതികളുടെയും സദാചാരത്തിന്റെ കാര്യത്തില്‍ മോശക്കാരാണെന്ന്‌ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍വേറെയും സാക്ഷിമൊഴികളുണ്ട്‌. ഇത്‌ സ്വീകരിച്ചാല്‍പോലും അവര്‍ കുറ്റക്കാരാണെന്നതിന്‌ തെളിവാകില്ലെന്നു കോടതി പറയുന്നു.

പത്രമാധ്യമങ്ങള്‍ ജനങ്ങളെ വഴിതെറ്റിച്ചു-ഹൈക്കോടതി
കൊച്ചി: കേസ്‌ ഡയറിയിലെ വിവരങ്ങള്‍ അറിയാതെയാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ 16 വര്‍ഷം റിപ്പോര്‍ട്ടുകളെഴുതിയതെന്ന്‌ ഹൈക്കോടതി. സത്യം ദൂരെയെവിടെയോ ആണെന്നറിയാതെ മരീചികയെ പിന്തുടരുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ഒരു പ്രാര്‍ഥനയും കോടതി നടത്തുന്നു: 'പിതാവേ ഇവരോട്‌ പൊറുക്കുക. ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവരറിയുന്നില്ല'. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ ഹേമയുടെ പ്രതികരണം. കേസ്‌ രേഖകളിലെന്തെന്ന്‌ അവരറിയുന്നില്ല. അവര്‍ വിശ്വസിക്കുന്നതിനപ്പുറമൊരു കോടതിവിധിയുണ്ടായാല്‍ അതിനെ സ്വീകരിക്കാന്‍ പോലും അവര്‍ക്കാവില്ല. തുടര്‍ച്ചയായ മസ്‌തിഷ്‌ക പ്രക്ഷാളനമാണ്‌ കാരണം. സത്യമായും കോടതിക്ക്‌ കേസ്‌ രേഖയിലെ വസ്‌തുതകളുടെ അടിസ്ഥാനത്തിലേ വിധിയെഴുതാനാവൂ. ജഡ്‌ജിമാര്‍ ഉരുക്കുമനുഷ്യരാണ്‌. മാധ്യമങ്ങളിലെ തലവാചകങ്ങളുടെ ഭീഷണിയുടെ ചൂടില്‍ ഉരുകുന്ന മെഴുകുതിരികളല്ല, ന്യായാധിപര്‍. മാധ്യമങ്ങള്‍ക്ക്‌ 24 വാള്യം വരുന്ന കേസ്‌ ഡയറിയിലെന്താണെന്നറിയില്ല. പേജുകള്‍ വരുന്ന ശാസ്‌ത്രീയ പരിശോധനകളുടെയോ, വൈദ്യപരിശോധനയുടെയോ, ഡോക്‌ടര്‍മാരുടെ പ്രസ്‌തുവനകളുടെയോ, മസ്‌തിഷ്‌ക വിരലടയാള പരിശോധന റിപ്പോര്‍ട്ടിന്റെയോ, നാര്‍കോ പരിശോധന സിഡിയുടെയോ മൂല്യമെന്തെന്നറിയില്ല. അവയുടെ നിയമ സാധുത, സ്വീകാര്യത എന്നിവയെപ്പറ്റിയും അറിയില്ല. മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അതേപ്പറ്റിയൊന്നും തെല്ലും വേവലാതിയില്ല. എന്നിരിക്കേ, വസ്‌തുതകളൊന്നും പരിശോധിക്കാതെ തന്നെ മാധ്യമങ്ങള്‍ വിധിപറഞ്ഞുകഴിഞ്ഞു. നഗ്നസത്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പ്രസ്‌തുത റിപ്പോര്‍ട്ടുകള്‍ക്ക്‌ വശംവദരായ ജനവും ഇതോടൊപ്പം നീങ്ങുന്നു. ഈ 'മാധ്യമ-പൊതുജന വിധി'ക്ക്‌ വിരുദ്ധമായി എഴുതുകയോ പറയുകയോ ചെയ്യാന്‍ ധൈര്യപ്പെടുന്ന ന്യായാധിപന്‍ അഥവാ ന്യായാധിപയുടെ തലയ്‌ക്കു മുകളില്‍ ചീത്തപ്പേരെന്ന ഡെമോക്ലീസിന്റെ വാള്‍ തൂങ്ങുകയാണ്‌. മാധ്യമ-പൊതുജനവിധി ഇതിനകം മൂന്നുപേരെ കഴുമരത്തിലേക്കയച്ചിരിക്കുകയാണ്‌. അങ്ങനെയെങ്കില്‍ ഈ രാജ്യത്ത്‌ നീതിന്യായ സംവിധാനമെന്തിനാണ്‌? ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ പല അന്വേഷണ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസുദ്യോഗസ്ഥരും ക്രൈം ബ്രാഞ്ചും സഭയും കോണ്‍വെന്റും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്‌. പല സാക്ഷികളെയും മരണത്തിനു ശേഷവും മാധ്യമവും പൊതുജനവും വേട്ടയാടുകയാണെന്നും ജസ്റ്റിസ്‌ ഹേമ പറഞ്ഞു.
News from http://www.mathrubhumi.com/

No comments:

Post a Comment