അഭയാ കേസില്‍ ഹൈ ക്കോടതിയില്‍നിന്നു നിശിത വിമര്‍ശനം നേരിട്ട സിബിഐ തലയൂരാനായി വീണ്ടും മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നു. മാധ്യമസ്വാധീനമില്ലാതെ കേസ് തങ്ങളുടെ തിരക്കഥ പ്രകാരം നീങ്ങില്ലെന്ന ഉറച്ച ബോധ്യമുള്ള സിബിഐക്ക് ഈ വഴി ഉപേക്ഷിക്കാനാവുന്നില്ല.മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമായി നടത്തുന്ന മൊഴികളെന്ന പേരില്‍ പലതും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പരസ്യമാക്കി മാധ്യമങ്ങളില്‍ നിറയുകയെന്ന തന്ത്രമാണ് സിബിഐ വീണ്ടും പയറ്റുന്നത്. നിറംപിടിപ്പിച്ച നിരവധി കഥകള്‍ ഇങ്ങനെ സി.ബി. ഐ ഇതിനകം പ്രചരിപ്പിച്ചു. ഹൈ ക്കോടതി ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു പുതിയ അന്വേഷണസംഘം അന്വേഷണമാരംഭിക്കുകയും കുറ്റാരോപിതരായ മൂന്നുപേ രെ അറസ്റു ചെയ്യുകയും ചെയ്ത നാള്‍മുതല്‍ തുടങ്ങിയതാണ് സിബിഐയുടെ ഈ നാടകം.
പ്രതികളിലുള്ള കുറ്റങ്ങള്‍ ദിനംപ്രതി മാറിമറിയുന്നു, സിനിമക്കഥയെ വെല്ലുംവിധം സാക്ഷികളേയും സാക്ഷിമൊഴികളെയും അവതരിപ്പിക്കുന്നു. അന്വേഷണം അവസാനഘട്ടത്തോടടുത്തിരിക്കെ, സാക്ഷികളേയും സാക്ഷിമൊഴികളെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന അവസ്ഥയും സര്‍വസാധാരണമായിരിക്കുന്നു.
ഏറ്റവുമൊടുവില്‍ പുതുവര്‍ഷദിനത്തില്‍ ഹൈക്കോടതിയില്‍നിന്നു നേരിട്ട തിരിച്ചടിക്ക് പകരം വീട്ടാനായി സിബിഐ ഇന്നലെ വീണ്ടും മറുതന്ത്രം പയറ്റിയിരിക്കുകയാണ്. സുപ്രധാന മൊഴി രേഖപ്പെടുത്തിയതായുള്ള വാര്‍ ത്ത തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ വിവരം സഹിതം വിളിച്ചുനല്‍കിയാണ് പിടിച്ചുനില്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയിരിക്കുന്നത്. മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ അതീവ രഹ്യമായിരിക്കണമെന്നിരിക്കെ, അതു രേഖപ്പെടുത്തുന്ന നിമിഷം ചാനലുകളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പൊരുള്‍ സാധാരണജനങ്ങള്‍ക്ക് ഇനിയും വ്യക്തമാകുന്നില്ല.
മാറിമറിയുന്ന സാക്ഷിമൊഴികളെപ്പറ്റി ജനങ്ങള്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടംമുതല്‍ ഇപ്രകാരം രേഖപ്പെടുത്തിയ ചില സാക്ഷിമൊഴികള്‍ അതേപടി മാധ്യമങ്ങള്‍ക്ക് നല്‍കുകവഴി മാധ്യമവിചാരണയ്ക്ക് ശക്തിപകരാനാണ് സിബിഐ ശ്രമിച്ചത്.
അഭയാ കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം വഴിതെറ്റുന്നതായും അന്വേഷണസംഘം മാധ്യമവിചാരണക്കാരുടെ സ്വാധീനവലയത്തിലാണെന്നുമുള്ള കോടതിവിമര്‍ശനത്തേത്തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യതയ്ക്കു വിള്ളല്‍ വീണിട്ടും പിടിച്ചു നില്‍ക്കാന്‍ അതേ തന്ത്രം വീണ്ടും പയറ്റുകയാണ് സി.ബി.ഐ. ഇതുവരെ ചാനലുകള്‍വഴിയും ചില മാധ്യമങ്ങള്‍ വഴിയും സിബിഐ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന വസ്തുകള്‍ കെട്ടുകഥകളാണെന്ന വിശ്വാസം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്